God’s Own Country Review

God’s Own Country Review

അക്രമരാഷ്ട്രീയവും പീഢനങ്ങളും തുടര്‍ക്കഥയാവുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഇനിയും മനസ്സില്‍ നന്മ ബാക്കിയുള്ള കുറച്ചാളുകള്‍ നടത്തുന്ന നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്‌ വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഗോഡ്സ് ഓണ്‍ കണ്‍ട്രി.

2012 ഡിസംബറില്‍ പുറത്തിറങ്ങിയ ഷട്ടര്‍ എന്ന സിനിമയെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ളതാണ്‌ ചിത്രം. മൂന്ന് ആള്‍ക്കാരുടെ കഥകള്‍ തുന്നിച്ചേര്‍ത്താണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ഫാമിലി എന്‍റ്റെര്‍ടൈനറും എന്നാല്‍ ഒരു സസ്പന്‍സ്-ആക്ഷന്‍ ത്രില്ലറുമാണ്‌ ഈ ചിത്രം.

ദുബായിലുള്ള മനു കൃഷ്ണന്റെ ഭാരയുടെ കാര്‍ പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ അപകടത്തില്‍പ്പെടുകയും വഴിയാത്രക്കാരന്‍ മരിക്കുകയും ചെയ്യുന്നു. ഭാര്യയെ ജയിലില്‍ നിന്നും രക്ഷിക്കാനായി മരിച്ചയാളുടെ ഭാര്യയില്‍ നിന്നും മാപ്പ് തന്നുകൊണ്ടുള്ള സമ്മതപത്രം വാങ്ങാന്‍ മനു കേരളത്തിലെത്തുന്നു. മാപ്പ് നല്‍കുന്നതിനുള്ള പ്രതിഫലമായി കൊടുക്കാമെന്നേറ്റ 75 ലക്ഷം രൂപ ചില ഗുണ്ടകള്‍ ചേര്‍ന്നു തട്ടിയെടുക്കുന്നു. അവരെ കണ്ടുപിടിക്കാന്‍ പോകുന്നതാണ്‌ ഒരു കഥ.

ടാക്സി ഡ്രൈവറായ മുഹമ്മദിന്‌ തന്റെ മകളുടെ ശസ്ത്രക്രിയക്ക് വേണ്ടി 6 ലക്ഷം രൂപ വേണ്ടി വരുന്നു. കാശിനുവേണ്ടിയുള്ള മുഹമ്മദിന്റെ അലച്ചിലാണ്‌ മറ്റൊരു കഥ.

പബ്ലിക്ക് പ്രോസിക്യൂട്ടറായ മത്തന്‍ തരകന്‍ ഒരു പീഡനക്കേസ്സിന്റെ അവസാന വിസ്താരത്തിനായി ഒരു സുപ്രധാന സാക്ഷിയുമായി കോടതിയിലേക്ക് പോകുന്നു. ഇത് തടയാനായി ഇവരെ പിന്തുടരുന്ന ഗുണ്ടകളുടേതുമാണ്‌ മറ്റൊരു കഥ.

ഈ മൂന്ന് പേരുടേയും ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ഗുണ്ടായിസവും പീഡനവും ഹവാല ഇടപാടുകളുടെ കള്ളത്തരങ്ങളുമൊക്കെ പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ട്. പതിവുപോലെ ലാലും ശ്രീനിവാസനും ഫഹദും ലെനയും തങ്ങളുടെ ഭാഗം മനോഹരമാക്കി. ഫഹദ് ഫാസിലിന്റെ ആക്ഷന്‍ രംഗത്തിലെ മികവും മൈഥിലിയുടെ ആക്സിഡന്റ് സീനുമെല്ലാം വളരെ ഗംഭീരമായി പകര്‍ത്തിയിരിക്കുന്നു. ഇത്രയധികം താരങ്ങളും അവരുടെ കഥകളും കൂട്ടിയിണക്കുന്നത് സംവിധായകന്‍ എന്ന നിലയില്‍ വളരെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നിരുന്നാലും കഥകള്‍ കുഴഞ്ഞ് മറിഞ്ഞ് പോകാതെ പ്രേക്ഷകരിലെത്തിക്കുന്നുണ്ട്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌ വാസുദേവ് സനലിന്റെ ഗോഡ്സ് ഓണ്‍ കണ്‍ട്രി പ്രേക്ഷകന്‍ സമ്മാനിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒരു ഫാമിലി ചിത്രമാണിത്.


  
Review – Ml
Cast & Crew
Trailers