Kalimannu

Kalimannu

Movie

Kalimannu

Directed by/Written

Blessy

Studio

Cherumuttathu Films

Staring

Swetha Menon, Biju Menon, Suhasini

Music

Jayachandran

Lyrics

ONV Kurup

ചെരുമുട്ടത്ത് ഫിലിംസിന്‍റെ ബാനറില്‍ ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് കളിമണ്ണ്. കുടുംബ പ്രേക്ഷകരാണ്‌ ബ്ലെസ്സി ചിത്രത്തിനെന്നും ജീവന്‍ പകരുന്നത്. കളിമണ്ണ്‌ എന്ന ചിത്രത്തിലും അദേഹത്തിന്റെ മാന്ത്രിക സ്പര്‍ശ്ശം ​പ്രകടമാകുന്നു. ബിജു മേനോന്‍, ശ്വേതാ മേനോന്‍, സുഹാസിനി എന്നിവരുടെ കഥാപാത്രങ്ങളെ  കുടുംബ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കും വിധം വളരെ തന്മയത്തത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. ചിത്രീകരണ സമയത്തുതന്നെ വളരെയധികം വിവാദങ്ങളില്‍ പെട്ടുവെങ്കിലും ഒരിക്കലും സാമ്പത്തിക ലാഭത്തിനു  മുന്‍ഗണന നല്‍കാത്ത ബ്ലെസ്സി, തന്നിലുള്ള പ്രേക്ഷകരുടെ വിശ്വാസം കാത്തു.

ശ്വേതാമേനോന്റെ പ്രസവരംഗമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദമായ ‘കളിമണ്ണ്’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈകോടതി തള്ളിയിരുന്നു. വനിതകളടങ്ങുന്ന അഞ്ചംഗ സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയത്‌.

നിത്യജീവിതത്തിനു വേണ്ടി ബാര്‍ ഡാന്‍സറായി ജോലി ചെയ്യുന്ന മീരക്ക് {ശ്വേതാ മേനോന്‍} സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു മോഹം. ഇതിനിടയില്‍ പരിചയത്തിലായ ഒരു നിര്‍മ്മാതാവുമായി പ്രണയത്തിലാവുന്ന മീര, അയാളാല്‍ വഞ്ചിക്കപ്പെടുന്നു. മീരയെ പതിവായി വീട്ടില്‍ വിടുന്നതു ഡ്രൈവര്‍ ശ്യാം {ബിജു മേനോന്‍} ആണ്‌. വഞ്ചിക്കപ്പെട്ട മീര കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോയതും ശ്യാമിന്‍റെ വണ്ടിയിലാണ്‌. കടലില്‍ നിന്ന് മീരയെ ശ്യാം കൈപിടിച്ചു കയറ്റിയത് തന്റെ ജീവിതത്തിലേക്ക് കൂടിയായിരുന്നു. അവരുടെ സന്തോഷകരമായ ദാമ്പത്യത്തോടൊപ്പം മീര സിനിമാരംഗത്ത്  ഐറ്റം ഡാന്‍സറില്‍ നിന്നും നായികയായി വളരുന്നു.അപ്രതീക്ഷിതമയി ശ്യാമിനുണ്ടാകുന്ന കാറപകടത്തെത്തുടര്‍ന്ന്‌ കഥാഗതിയില്‍ വരുന്ന മാറ്റങ്ങളാണ്‌ ഈ ചിത്രത്തെ തികച്ചും വ്യത്യസ്തമായൊരു പ്രമേയത്തില്‍ കൊണ്ടെത്തിക്കുന്നതും.

സിനിമയിലൂടെ മെഡിക്കല്‍ സാങ്കേതികരംഗത്തെ വളര്‍ച്ചയെ ചൂണ്‌ടിക്കാണിക്കുന്നതിനോടൊപ്പം കൂടുതല്‍ അറിവുകള്‍ സാധരണക്കാരിലേക്കും പകര്‍ന്നുതരുന്ന ഒരു നല്ല ചിത്രം കൂടിയാണിത്. ചിത്രീകരണ സമയത്തുണ്ടായ വിവാദങ്ങലേയും കൂട്ടിയിണക്കിയാണ്‌ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.

ബലാല്‍സംഗവും, കൂട്ടമാനഭംഗവും സംസ്കാരത്തിന്‍റെ അധപധനവും ഇന്നു സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പല തിക്താനുഭവങ്ങളുടേയും ഒരു തുറന്ന ചര്‍ച്ച കൂടിയാണ്‌ ഈ ചിത്രം.

ഉദരത്തില്‍ ആയിരുകുമ്പോള്‍ മുതലുള്ള ഒരു അമ്മയുടെയും കുഞ്ഞിന്‍റെയും ബന്ധവും മാതൃത്വത്തിന്റെ  അര്‍ത്ഥവും വളരെ സൂക്ഷ്മതയോടെ മനസ്സിലേക്കാഴ്ന്നിറങ്ങുന്ന രംഗങ്ങളോടൊപ്പം, അതിമനോഹരമായ ഗാനങ്ങള്‍ കൂടിയാവുമ്പോള്‍ ചിത്രത്തിനു നിറമേറുന്നു. പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ച വിവാദങ്ങള്‍ മായാതെ നില്‍ക്കുമ്പോളും, ബ്ലെസ്സിയുടെ എല്ലാ സിനിമകളെയും പോലെ തന്നെ ഒരു മനോഹര ചിത്രം  പ്രതീക്ഷിച്ച ജനങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റിയില്ല എന്നതാനു വാസ്തവം. വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയവര്‍ തന്നെ ഈ സിനിമയെപറ്റി ഏറ്റവും നല്ല അഭിപ്രായങ്ങള്‍ പറയുമെന്ന് ഉറപ്പിക്കാം.
Final Rating